മുംബൈ: ബെറ്റിംഗ് ആപ്പ് കേസ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇരുവരുടേതുമായി 11.14 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. റെയ്‌നയുടെ 6.64 കോടി രൂപയുടെ മൂച്ചല്‍ ഫണ്ടും ധവാന്റെ 4.5 കോടിയുടെ സ്വത്തുമാണ് ഇഡി കണ്ടുകെട്ടിയത്. വൺഎക്സ് ബെറ്റ് എന്ന ഓൺലൈൻ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി.
നേരത്തെ ഇരുവരേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. അന്ന് എട്ട് മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്. അന്വേഷണത്തിൽ താരങ്ങൾ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് നേരത്തേ ഇഡി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. വൺഎക്സ്ബെറ്റ് എന്ന ഓൺലൈൻപ്ലാറ്റ്ഫോമും സഹബ്രാൻഡുകളായ വൺഎക്സ്ബാറ്റ്, വൺഎക്സ്ബാറ്റ് സ്പോർട്ടിങ് ലൈൻസ് എന്നിവയുമായി ബന്ധപ്പെട്ട ഇടപാടിലൂടെ സമ്പാദിച്ച സ്വത്തുക്കളാണ് ഇ.ഡി പിടിച്ചെടുത്തത്.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി യുവരാജ് സിങ്ങും നേരത്തെ ഹാജരായിരുന്നു. ആപ്പിനെതിരെ നികുതി വെട്ടിപ്പിന് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഡൽഹിയിലെ ഇ.ഡി ഓഫിസിൽ അഭിഭാഷകനൊപ്പം യുവരാജ് എത്തിയത്. മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയും ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ലക്ഷക്കണക്കിന് ഉപയോക്താക്കളും നിക്ഷേപകരുമുള്ള ആപ്പ് കോടികളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്. ക്രിക്കറ്റ് താരങ്ങള്‍ക്കപ്പുറത്തേക്ക് അന്വേഷണം വ്യാപിക്കാനാണ് നീക്കം, ടെക് കമ്പനികളായ ഗൂഗിള്‍, മെറ്റ എന്നിവയുടെ പ്രതിനിധികളെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
SUMMARY: Betting app; ED seizes assets of Shikhar Dhawan and Suresh Raina













