ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച് ബ്രിട്ടീഷ് കുടുംബം. ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്ക് നല്‍കുന്ന സൗകര്യങ്ങളെ കുറിച്ച് വിവരിക്കുന്ന ബ്രിട്ടീഷ് ദമ്പതികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നാല് മണിക്കൂർ നീണ്ട യാത്രയുടെ നിമിഷങ്ങളും വന്ദേഭാരത് നല്‍കുന്ന ലഘുഭക്ഷണത്തെ കുറിച്ചും കുടുംബം പങ്കുവക്കുന്നുണ്ട്.
അഞ്ചംഗ കുടുംബമാണ് യാത്രനുഭവങ്ങള്‍ വിവരിക്കുന്നത്. യാത്രാച്ചെലവ് കേട്ട് കുടുംബം അത്ഭുതം പ്രകടിപ്പിച്ചു. ഒരാള്‍ക്ക് ഏകദേശം 11 പൗണ്ട് (ഏകദേശം ₹1,273) മാത്രമാണ് ടിക്കറ്റിനായി ചെലവായതെന്നും, ഈ ടിക്കറ്റില്‍ ഭക്ഷണവും ഉള്‍പ്പെടുന്നുണ്ടെന്നും യുവതി വീഡിയോയില്‍ പറയുന്നു. പോപ്കോണ്‍, മാഗോ ജ്യൂസ്, ചായ തുടങ്ങിയ ഭക്ഷണങ്ങളെ കുറിച്ച് ദമ്പതികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. മണവും രുചിയുമുള്ള ചായയെ കുറിച്ചും കുടുംബം പങ്കുവച്ചു.
14 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു. “ഇന്ത്യൻ ട്രെയിനിലെ ഭക്ഷണം! നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്?” എന്ന അടിക്കുറിപ്പോടെയാണ് കുടുംബം വീഡിയോ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ചായപ്പൊടിയുടെ പാക്കറ്റ് കണ്ടപ്പോള്‍ ആദ്യം ആശയക്കുഴപ്പമുണ്ടായെന്നും, എന്നാല്‍ പിന്നീട് ചൂടുവെള്ളം വന്നപ്പോള്‍ ചായ വളരെ രുചികരമായിരുന്നുവെന്നും അവർ കുറിച്ചു.
വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് കുടുംബത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇന്ത്യാ സന്ദർശനത്തിനും വന്ദേഭാരതിനെ കുറിച്ചുള്ള നല്ല വാക്കുകള്‍ക്കും നന്ദിയെന്ന് ഇന്ത്യൻ ഉപയോക്താക്കള്‍ കമന്റ് ബോക്സില്‍ പ്രതികരിച്ചു.
SUMMARY: British family praises Vande Bharat













