ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ വാങ്ങിയ ചുവപ്പ് ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറാണ് പോലീസ് കണ്ടെത്തിയത്. ഈ കാറിനായി വ്യാപക തിരച്ചില്‍ നടന്നിരുന്നു. ബുധനാഴ്ച ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കാണപ്പെട്ടത്. ഫരീദാബാദ് പോലീസാണ് കാര്‍ കണ്ടെത്തിയത്. അല്‍ ഫലാ സര്‍വകലാശാലയില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരത്തായാണ് കാര്‍ കണ്ടെത്തിയിട്ടുള്ളത്.
സ്ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ മറ്റൊരു വാഹനംകൂടി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. നേരത്തേ തിരിച്ചറിഞ്ഞ ഹ്യുണ്ടായ് ഐ20 കാറിനു പുറമെ പ്രതികള്‍ ചുവന്ന ഇക്കോസ്പോര്‍ട്ട് കാറും ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വ്യാപക തിരച്ചില്‍ നടന്നത്. DL10 CK 0458 ആണ് ചുവന്ന കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. ഈ രണ്ട് കാറുകള്‍ കൂടാതെ മൂന്നാമത് ഒരു കാര്‍ കൂടി ഉമറിന്റെ ഉടമസ്ഥതയിലുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് കണ്ടെത്തുന്നതിനായും പോലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്.
SUMMARY: Red Fort blast. Umar Mohammed’s second car found













