തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം. താത്കാലിക അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ലെന്ന് ശക്തന്‍ നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.
സ്ഥിരം അധ്യക്ഷസ്ഥാനം വാഗ്ദാനം ചെയ്താലും തുടരാന്‍ താല്‍പര്യമില്ലെന്നാണ് എന്‍.ശക്തനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലാ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തെ സംസ്ഥാന നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ ശക്തനോട് തുടരാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
നിയമസഭയിലേക്ക് മത്സരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് എന്‍.ശക്തന്റെ രാജിയെന്നാണ് സൂചന. മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന് ഭയന്നാണ് ശക്തന്‍ ഒഴിഞ്ഞതെന്നും ചില പരിഹാസങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പാലോട് രവി രാജിവെച്ചതിന് പിന്നാലെയായിരുന്നു ശക്തന് ഡിസിസി അധ്യക്ഷപദം ലഭിച്ചത്.
SUMMARY: Thiruvananthapuram DCC President N Sakthan resigns













