കെയ്‌റോ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 24 പേരെങ്കിലും കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനസാന്ദ്രതയേറിയ റിമാൽ പരിസരത്തായിരുന്നു ആദ്യ ആക്രമണം നടന്നത്. ഒരു കാറിന് മേൽ സ്‌ഫോടക വസ്തുക്കൾ പതിക്കുകയായിരുന്നുവെന്നും അവിടെ അഞ്ചുപേർ മരിച്ചുവെന്നും റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. തുടര്‍ന്ന് മധ്യ ദെയ്ര്‍ എല്‍-ബലാഹിലും നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിലും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഗാസ സിറ്റിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദെയ്ര്‍ എല്‍-ബലാഹില്‍ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 10 ന് യുഎസ് മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ കുറഞ്ഞത് 497 തവണയെങ്കിലും ലംഘിച്ചിട്ടുണ്ടെന്ന് ഗാസ മീഡിയ ഓഫീസ് അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കം 342 സിവിലിയന്‍സാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ ലംഘനത്തിൽ ഇസ്രയേലും ഹമാസും പരസ്പരം പഴിചാരുകയാണ്. തെക്കൻ ഗാസയിലേക്ക് സഹായം എത്തിക്കുന്ന പ്രവിശ്യയിലെ പാത ഹമാസ് ദുരുപയോഗം ചെയ്തുവെന്നും ഇത് വെടിനിർത്തൽ കരാറിന്റെ നഗ്‌നമായ ലംഘനമാണെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു.
SUMMARY:Israeli airstrikes kill 24 in Gaza














