ചെന്നൈ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ജോലി സമ്മർദ്ദം താങ്ങാനാകാതെ തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി. കള്ളക്കുറിച്ചിയിൽ വില്ലേജ് അസിസ്റ്റന്റായ ജഖിത ബീഗം (37) ആണ് ജീവനൊടുക്കിയത്.
കള്ളക്കുറിച്ചി സണ്ടൈപ്പേട്ടയിലെ വീട്ടിൽ തൂങ്ങിയ നിലയിലാണ് ജഖിത ബീഗത്തെ കണ്ടെത്തിയത്. ജോലിക്ക് പോയിരുന്ന ഇവർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയതിനു പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു. തിരുക്കോവിലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എസ്ഐആർ ജോലിയിലെ സമ്മർദമാണ് തന്റെ ഭാര്യ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് ജഖിത ബീഗത്തിന്റെ ഭർത്താവ് മുബാറക്ക് ആരോപിച്ചു. പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജോലിഭാരത്തെ തുടർന്ന് രാജ്യവ്യാപകമായി നിരവധി ബി.എൽ.ഒമാരാണ് അടുത്ത ഏതാനും ദിവസങ്ങളായി ജീവനൊടുക്കിയത്. അടിയന്തര ഇടപെടൽ നടത്തണമെന്നും രാപകൽ ഭേദമില്ലാതെ ജോലി ചെയ്യുന്നത് മാനസിക സമ്മർദത്തിന് ഇടയാക്കുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ നിശ്ചയിച്ച തീയതിക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെയും ഉന്നതോദ്യോഗസ്ഥരുടെയും നിർദേശം.
SUMMARY: BLO also committed suicide in Tamil Nadu













