ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹരികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ (73) ജയിലിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. സ്ഥിരീകരണമില്ലെങ്കിലും വാർത്ത പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നു. ജയിലിന് മുന്നിലും ഇസ്ലാമാബാദ്, ലാഹോർ,കറാച്ചി തുടങ്ങിയ നഗരങ്ങളിലും അനുയായികൾ സുരക്ഷാസേനയുമായി ഏറ്റുമുട്ടി.ഭരണകൂടമോ ജയിൽ അധികൃതരോ പ്രതികരിച്ചിട്ടില്ല.ആയിരക്കണക്കിന് പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പ്രവർത്തകർ റാവൽപിണ്ടിയിലെ അഡിയാല ജയിലിന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി.
പ്രവർത്തകർ ജയിലിൽ അതിക്രമിച്ചു കയറാൻ അവർ ശ്രമിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഹോദരിമാരായ നൊറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ പാർട്ടി അംഗങ്ങൾക്കും അനുയായികൾക്കും ഒപ്പം സെൻട്രൽ ജയിലിന് മുന്നിൽ പ്രതിഷേധിച്ചു. ഇവർക്ക് മർദനമേറ്റെന്നും റിപ്പോർട്ടുണ്ട്.
കുത്തിയിരിപ്പ് സമരമായി ആരംഭിച്ച പ്രതിഷേധങ്ങൾ മജ്ലിസ് വഹ്ദത്ത്-ഇ-മുസ്ലീമീന്റെ (എംഡബ്ല്യുഎം) നേതാവ് അല്ലാമ രാജ നാസിറിന്റെ അഭ്യർഥന മാനിച്ച് അവസാനിപ്പിച്ചു.
അധികൃതരുമായി ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് ഇമ്രാൻ ഖാന്റെ സഹോദരി അലീമ പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. “ആർക്കറിയാം, ഒരുപക്ഷേ ഇമ്രാനെ സ്ഥലം മാറ്റിയിരിക്കാം. എന്തുകൊണ്ടാണ് അവർ ഞങ്ങളെ അദ്ദേഹത്തെ കാണാൻ അനുവദിക്കാത്തത്?’. അലീമ ചോദിച്ചു.
എല്ലാ ആഴ്ചയും ഇമ്രാൻ ഖാനെ സന്ദർശിക്കാൻ സഹോദരിമാർക്ക് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഇത് നിഷേധിച്ചതിനെ തുടർന്ന് ഇമ്രാൻ ഖാന്റെ സഹോദരിമാരും പിടിഐ പ്രവർത്തകരും ജയിലിന് മുന്നിൽ കഴിഞ്ഞയാഴ്ച പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവം.
ഇമ്രാൻ കൊല്ലപ്പെട്ടതായി കഴിഞ്ഞ മേയിലും അഭ്യൂഹമുണ്ടായിരുന്നു.ജയിലിൽ പീഡനമനുഭവിക്കുന്നതായി കഴിഞ്ഞ ജൂലായിൽ ഇമ്രാൻ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അസിം മുനീറായിരിക്കും ഉത്തരവാദിയെന്നും സൂചിപ്പിച്ചിരുന്നു.
SUMMARY: Rumor has it that Imran Khan was killed in prison














