ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി മാമ്മൂട് കട്ടച്ചിറവെളിയിൽ കുഞ്ഞുമോനാ (60)ണ് മരിച്ചത്. എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി ഉണ്ടായത്.
വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. കോളേജ് ഓഡിറ്റോറിയത്തിൽ പാർക്ക് ചെയ്‌ത ബസിലാണ് പൊട്ടിത്തെറി. മൂന്ന് ദിവസമായി തകരാറിലായ ബസിന്റെ ചില ഭാഗങ്ങൾ നന്നാക്കാൻ അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം കുഞ്ഞുമോൻ തിരികെ സ്ഥാപിക്കുന്നതിനിടെയാണ് സംഭവം.
ചിതറിത്തെറിച്ച യന്ത്രഭാഗങ്ങൾ മുഖത്തുവന്നിടിച്ച് ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബസ് ഡ്രൈവർ സജീന്ദ്രന് കാലിനാണ് പരുക്ക്. ബസിൽ നിന്നും തെറിച്ച ലോഹക്ഷണം മൂലം കോളജ് ഓഡിറ്റോറിയത്തിനു സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസും മുകൾഭാഗവും തകർന്നു.
SUMMARY: College bus explodes while being repaired in Chengannur; Workshop employee dies tragically













