തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി പ്രതികരിച്ചു. രാഹുലിന്റെ ‘പൊയ്മുഖം’ അഴിഞ്ഞുവീണതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ‘രാഹുലിന് തെറ്റില്‍ പശ്ചാത്താപമുണ്ടെങ്കില്‍ അദ്ദേഹം രാഷ്ട്രീയ വനവാസത്തിന് പോകണം,’ വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമോ എന്നത് രാഹുലും അദ്ദേഹത്തിൻ്റെ പാർട്ടിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുണ്യാളൻ്റെ പരിവേഷം അഴിഞ്ഞു വീണു. ആദ്യം ന്യായീകരിക്കാൻ ശ്രമിച്ചു. കേസില്ല എന്ന് പറഞ്ഞ് പുണ്വാളനാകാൻ ശ്രമിച്ചു. കോണ്‍ഗ്രസിന്റെ നാശത്തിന്റെ ഒരു കാരണമാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.
തെറ്റ് ചെയ്യാത്തവർ ആരുമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി വലിയ രാഹുല്‍ മാങ്കൂട്ടത്തില്‍മാർ ഏറെയുണ്ടെന്നും പക്ഷേ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ രാഹുലിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മറ്റ് ചിലര്‍ രാഹുലിനെ തള്ളിക്കളയുന്നു. ചിലര്‍ ന്യൂട്രല്‍ നിലപാട് സ്വീകരിക്കുന്നു. രാഹുല്‍ പ്രശ്‌നം കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനുള്ള കാരണമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
SUMMARY: ‘Rahul’s face has come loose, this will lead to the total destruction of the Congress’; Vellappally Natesan













