കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. രാഹുലിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് അഞ്ചുവരെ കസ്റ്റഡിയില്‍ തുടരും. അതിജീവിതയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ കാരണം രാഹില്‍ ഈശ്വര്‍ പങ്കുവച്ച ഫോട്ടോകളാണ് എന്നാണ് കണ്ടെത്തല്‍.
രാഹുല്‍ ഈശ്വര്‍ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷന്‍ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. റിമാന്‍ഡ് റിപോര്‍ട്ടില്‍ രാഹുല്‍ ഈശ്വറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പോലിസ് ഉന്നയിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതിനെതിരെയാണ് രാഹുല്‍ ഈശ്വർ സെഷൻസ് കോടതിയെ സമീപിച്ചത്. കോടതി കൃത്യമായ തെളിവുകള്‍ പരിശോധില്ലെന്നും വീഡിയോ കാണാതെയാണ് ജാമ്യം നിഷേധിച്ചതെന്നുമായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. വീഡിയോ ചെയ്തത് മറ്റാരുടെയെങ്കിലും പ്രേരണയാലാണോ, ഗൂഢാലോചനയുണ്ടോ എന്നൊക്കെ അറിയേണ്ടതുണ്ട്. അതിനായി രാഹുലിനെ തുടർ ചോദ്യംചെയ്യല്‍ ആവശ്യമാണ്.
നിലവില്‍ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍ മാത്രമാണ് തെളിവെടുപ്പ് നടത്തിയത്. കൂടുതല്‍ ഇടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ, 14 ദിവസത്തേക്കാണ് ജില്ലാ കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്. ഈ മാസം ഒന്നിന് വൈകീട്ടോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച് വീഡിയോ ചെയ്ത കേസില്‍ രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
രാത്രിയോടെ രാഹുല്‍ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഐടി ആക്‌ട് -43, 66, ബിഎൻഎസ്- 72, 79, 351 (1), 351 (2) തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ ബിഎഎൻസ് 75 (3) വകുപ്പ് കൂടി ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ലൈംഗികച്ചുവയോടെയുള്ള പരാമർശം നടത്തിയതിനാണ് പുതിയ വകുപ്പ് ചുമത്തിയത്.
SUMMARY: Rahul Easwar’s bail plea rejected; remanded in police custody













