തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതല്‍ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്.
മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80, 671 കോടി രൂപയാണ് സര്‍ക്കാര്‍ പെന്‍ഷനുവേണ്ടി അനുവദിച്ചത്.
SUMMARY: Welfare pension for December to be distributed from 15th













