എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി നടി പാർവതി തിരുവോത്ത്. നമ്മള്‍ ഇപ്പോള്‍ കാണുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. എന്നും അവള്‍ക്കൊപ്പമാണെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
‘എന്ത് നീതി? നമ്മള്‍ ഇപ്പോള്‍ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’ എന്നാണ് പാര്‍വതി ഇന്‍സ്റ്റാ സ്റ്റോറിയില്‍ പങ്കുവെച്ചത്. അതിജീവിതക്കൊപ്പമാണെന്ന വ്യക്തമാക്കുന്ന മറ്റ് പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയിട്ടുണ്ട്. ‘ദെെവമുണ്ടെങ്കില്‍, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കില്‍ നാളെ അത് തെളിയിക്കപ്പെടും’ എന്നായിരുന്നു കഴിഞ്ഞ ദിവസം പാര്‍വതി കുറിച്ചത്.
വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി വുമണ്‍ ഇൻ സിനിമാ കളക്ടീവിന്റെ ഭാഗമായ മറ്റ് നടിമാരും രംഗത്തെത്തി. ഫേസ്ബുക്കില്‍ ‘അവള്‍ക്കൊപ്പം’ എന്ന പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം. ‘എപ്പോഴും, അവള്‍ക്കൊപ്പം. എക്കാലത്തേക്കാളും ശക്തമായി, ഇപ്പോള്‍,’ എന്ന് റിമ കല്ലിങ്കലും രമ്യ നമ്പീശനും ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍, വിധിയെ സ്വാഗതം ചെയ്ത ദിലീപ്, തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും കരിയർ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ആരോപിച്ചു. പോലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്നും ഈ വിധിയോടെ അത് പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്തുനിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നും ദിലീപ് കൂട്ടിച്ചേർത്തു.
SUMMARY: What justice? A meticulously crafted script; Parvathy Thiruvoth supports the survival of the fittest














