തിരുവനന്തപുരം: ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്. സംഘടന യോഗത്തിനുശേഷം കൂടുതല്‍ തീരുമാനം ഉണ്ടാകും. നടപടികള്‍ വേഗത്തില്‍ ഉണ്ടാകും. കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ മറ്റൊന്ന് ആലോചിക്കാൻ ഇല്ലല്ലോ. ദിലീപിനെ കുറ്റവിമുക്തനാക്കിയതിലും സന്തോഷമുണ്ട്.
ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നു.എല്ലാ സംഘടനകളും പുറത്താക്കിയ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആദ്യഘട്ടത്തില്‍ പുറത്താക്കാൻ നടപടി സ്വീകരിച്ചത്. കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയവർക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ബി രാകേഷ് വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയില്‍ ഡിസംബര്‍ 12ന് വാദം നടക്കും.
SUMMARY: Dileep will be readmitted to the Producers Association’; B Rakesh














