ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8 ഡ്രൈവറില്ലാത്ത ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നിന്ന് പുറപ്പെട്ട ഏഴാമത്തെ ഡ്രൈവറില്ലാ ട്രെയിന്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയിരുന്നു. ജനുവരിയില്‍ യെല്ലോ ലൈനില്‍ സര്‍വീസ് നടത്താനാണ് തീരുമാനം. നിലവില്‍ 19.15 കിലോമീറ്റര്‍ ദൂരത്തില്‍ 5 മെട്രോ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ടിറ്റാഗഡ് റെയില്‍ സിസ്റ്റം ലിമിറ്റഡില്‍ നിന്നുള്ള ആറാമത്തെ ട്രെയിന്‍ നേരത്തെ നഗരത്തില്‍ എത്തിയിരുന്നു. ഈ ട്രെയിന്റെ പരീക്ഷണയോട്ടവും മറ്റ് പരിശോധനകളും ഇതിനോടകം പൂര്‍ത്തിയായതായാണ് വിവരം. ഡിസംബര്‍ 22ന് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. എട്ടാമത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഡിസംബര്‍ അവസാനത്തോടെ എത്തുമെന്നാണ് വിവരം. ഈ ട്രെയിനിന്റെ പരീക്ഷണയോട്ടം ജനുവരിയില്‍ ആരംഭിക്കും. ജനുവരി അവസാനത്തോടെ ഈ ട്രെയിന്‍ സര്‍വീസ് നടത്താന്‍ സാധ്യതയുണ്ട്.
8 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതോടെ മെട്രോ ട്രെയിനുകൾക്കായുള്ള യാത്രക്കാരുടെ കാത്തിരിപ്പ് സമയം 8 മുതല്‍ 10 മിനിറ്റ് വരെ കുറയും. നിലവിൽ, സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള കാത്തിരിപ്പ് സമയം 15-17 മിനിറ്റാണ്.
SUMMARY: Metro Yellow Line: Waiting times will be reduced from January, trains will arrive every 8 minutes














