കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഹരജിയാണ് തള്ളിയത്. കേസിലെ 24, 25 പ്രതികളായ നജീബ്, ഷാനവാസ് എന്നിവരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
നേരത്തെ രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജിയും ഹൈക്കോടതി തള്ളിയിരുന്നു. കേസ് അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. മുമ്പ് എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയും സമാനമായ ഹർജി തള്ളിയിരുന്നു. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കോളജിലെ ചുവരെഴുത്തും പോസ്റ്റര്‍ ഒട്ടിക്കലുമായി ബന്ധപ്പെട്ട് സംഭവദിവസം സംഘര്‍ഷമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിനിടെ അഭിമന്യുവിന്റെ നെഞ്ചില്‍ കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ അഭിമന്യു റോഡരികില്‍ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
SUMMARY: Abhimanyu murder case: High Court rejects accused’s plea to stay the trial
















