കൊച്ചി: നിർമ്മാതാവ് ബാദുഷക്കെതിരെ ആരോപണവുമായി നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയ 20 ലക്ഷം തിരികെ നല്‍കിയില്ലെന്ന് പരാതി. നടൻ അമ്മ ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കി. ഇതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കിയെന്ന് ഹരീഷ് കണാരൻ പറഞ്ഞു. അഭിനയത്തില്‍ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നാണ് ഹരീഷിന്റെ വെളിപ്പെടുത്തല്‍.
കടം വാങ്ങിയ പണം തിരികെ നല്‍കാത്തത് അമ്മ ജനറല്‍ സെക്രട്ടറിയോട് അടക്കം പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നാണ് ഹരീഷിന്റെ ആരോപണം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും ഹരീഷ് പറഞ്ഞു.
നേരത്തെ ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. എന്നാല്‍ അന്ന് ബാദുഷയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ‘എന്റെ വീട് പണി നടക്കുന്ന സമയത്താണ് പണം തിരികെ ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നല്‍കാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാല്‍ അതുണ്ടായില്ല.
ഇതിനിടെ ‘അജയന്റെ രണ്ടാം മോഷണം’ ചിത്രീകരണം ആരംഭിച്ചെങ്കിലും എന്നെ വിളിച്ചില്ല. അന്ന് ടൊവിനോ ചോദിച്ചിരുന്നു, ചേട്ടനെന്തേ പടത്തില്‍ വരാതിരുന്നതെന്ന്. എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. അങ്ങനെ ഒരുപാട് സിനിമകള്‍ നഷ്ടമായി. ഇതിപ്പോള്‍ പറഞ്ഞത് കൊണ്ട് എനിക്ക് സിനിമകളേ ഇല്ലാതായേക്കാം’- ഹരീഷ് പറഞ്ഞു.
SUMMARY: Actor Harish Kanaran against producer Badusha













