തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. “ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിൻ്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം” എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. ‘നമ്മള്‍’ എന്ന ചിത്രത്തിലെ ‘പരിമളം’ എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് ഇതര ഭാഷകളിലും നായികയായി തിളങ്ങി. ഒരു പതിറ്റാണ്ടിലേറെയായി സിനിമയില്‍ സജീവമായ ഭാവന അറുപതിലേറെ സിനിമകളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലെങ്കിലും ഭാവന പങ്കുവെക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധേയമാകാറുണ്ട്. തനിക്ക് ഇൻസ്റ്റാഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും അതും 2019-ലാണ് തുടങ്ങിയതെന്നും അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞിരുന്നു. ഈ അഭിമുഖത്തില്‍ താരം സൗഹൃദത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും സംസാരിക്കുകയുണ്ടായി.
SUMMARY: Actress Bhavana as the chief guest at the Chief Minister’s Christmas party














