ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാള്‍ ഗവൺമെന്റ് പ്രസ്സ് ലേഔട്ടിലാണ് സംഭവം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന മഞ്ജു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ധർമ്മശിലന്‍ രമേശ് (29) ആത്മഹത്യ ചെയ്യുകയായിരുന്നു.
2022 സെപ്തംബറിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഗൾഫിൽ മേസ്തിരിയായി ജോലി ചെയ്യുകയായിരുന്നു ധർമ്മശിലന്‍ ഒരു മാസം മുമ്പാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇരുവരും രണ്ടാഴ്ച സ്വന്തം നാട്ടിൽ താമസിച്ച ശേഷമാണ് ബെംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തിയത്.
ഞായറാഴ്ച രാത്രി 9.30 ഓടെ യുവതിയുടെ പിതാവ് പെരിയസ്വാമി തുമകുരുവിൽ നിന്ന് ബന്ധുക്കളോടൊപ്പം തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നു വീട്ടുടമസ്ഥനിൽ നിന്ന് താക്കോൽ വാങ്ങി അകത്ത് കയറിയപ്പോൾ മകളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും, ഭർത്താവ് ധർമ്മശീലനെ (29) തൂങ്ങി മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജ്ഞാനഭാരതി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിനു പിന്നിലെ കാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
SUMMARY: Husband committed suicide after killing 27-year-old nurse