കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകർത്ത് ഇന്ത്യ. വനിതാ ലോകകപ്പിൽ 88 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 159 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ദീപ്തി ശര്‍മ, ക്രാന്തി ഗൗത് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 247 റണ്‍സിന് പുറത്തായിരുന്നു. ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും പാക് ബൗളര്‍മാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. 23 റണ്‍സെടുത്ത മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 31 റണ്‍സെടുത്ത പ്രതികയും പുറത്തായി. മൂന്നാം വിക്കറ്റില്‍ ഹര്‍ലീന്‍ ഡിയോളും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ് ചേര്‍ന്ന് ഇന്ത്യയെ നൂറുകടത്തി. 19 റണ്‍സ് മാത്രമെടുത്ത് ഹര്‍മന്‍പ്രീത് കൗര്‍ മടങ്ങിയെങ്കിലും ജമീമ റോഡിഗ്രസുമായി ചേര്‍ന്ന് ഡിയോള്‍ ടീമിനെ 150 കടത്തി. ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാല്‍, ഫാത്തിമ സന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ തുടക്കത്തില്‍ തന്നെ പതറി. 26 റണ്‍സിനിടെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മുനീബ അലി(2), സദഫ് ഷമാസ്(6), അലിയ റിയാസ്(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാല്‍ നാലാം വിക്കറ്റില്‍ സിദ്ര ആമിനും നതാലിയ പെര്‍വൈസും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് ടീമിനെ നൂറിനടുത്തെത്തിച്ചു. 33 റണ്‍സെടുത്ത നതാലിയയും പിന്നാലെ ക്യാപ്റ്റന്‍ ഫാത്തിമ സനയും(2) പുറത്തായി. സിദ്ര ആമിന്‍ അര്‍ധസെഞ്ചുറി തികച്ചതോടെ ടീമിന് നേരിയ ജയപ്രതീക്ഷ കൈവന്നു. എന്നാൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ചു. സിദ്ര നവാസ്(14), രമീന്‍ ഷമീം(0) എന്നിവർ കൂടാരം കയറി. പിന്നാലെ പാകിസ്ഥാന്റെ പ്രതീക്ഷയായിരുന്ന സിദ്ര ആമിനും പുറത്തായതോടെ ടീം പരാജയം മണത്തു. 106 പന്തില്‍ 81 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഒടുക്കം 159-ന് എല്ലാവരും പുറത്തായി.
SUMMARY: After the Asia Cup, India defeated Pakistan in the Women’s World Cup as well