കൊച്ചി: താത്കാലിക വൈസ് ചാൻസലറെ (വിസി) നേരിട്ട് നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച് ഡിവിഷന്‍ ബെഞ്ച്. താത്കാലിക വിസി നിയമനം ഗവർണർ നേരിട്ടു നടത്താൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗവര്‍ണറുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.
ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമായിരിക്കണമെന്നും കോടതി പറഞ്ഞു. സിസ തോമസിന്റെയും ഡോ. കെ. ശിവപ്രസാദിന്റെയും ഹര്‍ജികളും ഹൈക്കോടതി തള്ളി. സ്ഥിരം വിസി ഇല്ലാത്തത് സര്‍വകലാശാലകളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
താത്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സ്ഥിരം വിസി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
ഡോ. സിസ തോമസ് ആണ് നിലവില്‍ ഡിജിറ്റല്‍ സർവ്വകലാശാലയുടെ വിസി. എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (കെടിയു) വിസി ഡോ. കെ. ശിവപ്രസാദാണ്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് 2024 നവംബറില്‍ ഇവരുടെ താല്‍ക്കാലിക നിയമനം നടത്തിയത്. അദ്ദേഹം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഗവർണറായ രാജേന്ദ്ര ആർലേക്കറാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചില്‍ ഹർജി നല്‍കിയത്.
രണ്ട് സർവകലാശാലകളിലെയും വിസിമാരുടെ കാലാവധി മേയ് 27-ന് പൂർത്തിയായെങ്കിലും നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദേശത്തോടെ 30 വരെ തുടരാൻ കോടതി അനുമതി നല്‍കിയിരുന്നു.
SUMMARY: Appointment of temporary VC: High Court rejects Governor’s appeal