തിരുവനന്തപുരം: ഭരണ-പ്രതിപക്ഷത്തിനെതിരെ നിരവധി വിവാദങ്ങൾ ഉയർന്നുനിൽക്കുന്ന അന്തരീക്ഷത്തില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. വിഎസ് അച്യുതാനന്ദന്‍, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അന്തിമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും. നിയമ നിര്‍മാണത്തിനുവേണ്ടി 12 ദിവസം ചേരുന്ന സഭയില്‍ ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും കൊമ്പ് കോര്‍ക്കാന്‍ വിഷയങ്ങള്‍ നിരവധിയാണ്. ഒക്ടോബർ 10 വരെയാണ് സമ്മേളനം.
ലൈംഗികാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോയെന്നതാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. രാഹുല്‍ സഭയില്‍ വരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല. രാഹുലിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഭരണപക്ഷ തീരുമാനം. പ്രതിപക്ഷം എങ്ങനെ അതിനെ പ്രതിരോധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.സഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. പാർലമെൻററി പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ പ്രത്യേക ബ്ലോക്കിലാണ് രാഹുൽ പങ്കെടുത്താൽ ഇരിപ്പിടം നൽകുക.
പോലീസ് മർദ്ദനം മുതൽ ആഗോള അയ്യപ്പസംഗമം വരെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഭരണപക്ഷവും ഇക്കുറി മറുപടി നൽകേണ്ടി വരും. കുന്നംകുളം പോലീസ് സ്റ്റേഷനിൽ രണ്ട് വർഷം മുമ്പ് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടന്ന് വരികയാണ്.
SUMMARY: Assembly session begins today