കോഴിക്കോട്: ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണത്തില്‍ പൊലീസില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജു. ഷാഫി പറമ്പിലിനെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു.
ഇതിനിടെ ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കി. രണ്ട് ഡിവൈഎസ്പിമാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയത്. നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.
സംഭവത്തില്‍ പാര്‍ലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് ഷാഫി പറമ്പില്‍ ഉടന്‍ പരാതി നല്‍കും. അതേസമയം, ഷാഫിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം.
SUMMARY: Attack on Shafi Parambil: Kozhikode Rural SP says some police personnel tried to create trouble