ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു മിൽക് യൂണിയൻ. ആവശ്യമുന്നയിച്ച് യൂണിയൻ പ്രസിഡന്റും മുൻ എംപിയുമായ ഡി.കെ. സുരേഷ് ബിഎംആർസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നന്ദിനിയുടെ പാലും പാലുത്പന്നങ്ങളും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞ ഇടങ്ങൾ വിട്ടുനൽകണമെന്ന് അഭ്യർഥിച്ചതായി ഡി.കെ. സുരേഷ് പ്രതികരിച്ചു.
നേരത്തേ 6 മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ സ്ഥാപിക്കാൻ കർണാടക മിൽക്ക് ഫെഡറേഷന് ബിഎംആർസി അനുമതി നൽകിയിരുന്നു.
മെട്രോ സ്റ്റേഷനുകളിൽ മിൽക് പാർലറുകൾ സ്ഥാപിക്കാൻ കർണാടക മിൽക് ഫെഡറേഷനോടു ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. സ്റ്റേഷനുകളിൽ മിൽക് പാർലറുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ നടപടികളിൽ അമൂൽ ഒഴികെയുള്ള കമ്പനികൾ രംഗത്തു വന്നിരുന്നില്ല.
SUMMARY: BAMUL intends to open Nandini parlours near namma metro stations.