ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത് കര്‍ണാടകയിലെ ബിജെപി നേതാക്കൾ രംഗത്ത്. ഭാനു മുഷ്താഖ് ഉദ്ഘാടനം നിർവഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത് മതവിശ്വാസി അല്ലാത്ത ഒരാൾ മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ശരിയല്ലെന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്.
സർക്കാർ തീരുമാനത്തെ എതിർത്ത് മൈസൂരു എംപി പ്രതാപ് സിംഹ, മുൻമന്ത്രിയും എം.എല്‍.സിയുമായ സിടി രവി, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര എന്നിവർ രംഗത്തെത്തി. സർക്കാർ തീരുമാനം തീർത്തും അനുചിതമെന്ന് സിടി രവി പറഞ്ഞു. ചാമുണ്ഡേശ്വരീദേവിക്ക് പൂജ അര്‍പ്പിച്ച് ആരംഭിക്കുന്ന ദസറയ്ക്ക് അവരെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത് സ്വീകാര്യമല്ലെന്ന് മൈസൂരു മുന്‍ എംപി പ്രതാപ് സിംഹ പറഞ്ഞു. സാഹിത്യ-സാംസ്കാരിക പരിപാടികള്‍ക്ക് അധ്യക്ഷയാകുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ, വിശ്വാസമില്ലാത്തയാള്‍ ദസറയ്ക്ക് അധ്യക്ഷയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതാപ് സിംഹ പറഞ്ഞു.
സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ദസറ ആഘോഷം. ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് ബാനു മുഷ്താഖ് പറഞ്ഞു. ചാമുണ്ഡേശ്വരിയോട് ബഹുമാനമാണെന്നും ദസറയെ സംസ്ഥാന ഉത്സവമായാണ് കണക്കാക്കുന്നതെന്നും മുഷ്താഖ് പ്രതികരിച്ചു. കര്‍ണാടകത്തില്‍നിന്നുള്ള ആദ്യ ബുക്കര്‍ പ്രൈസ് ജേതാവാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്താഖ്.
അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റ് ഇട്ടതിന് ഉഡുപ്പിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
SUMMARY: Banu Mushtaq to inaugurate Mysore Dussehra; BJP leaders oppose