ബെംഗളൂരു: വിനായക ചതുർഥി ആഘോഷങ്ങളോട് അനുബന്ധിച്ച് പ്ലാസ്റ്റർ ഓഫ് പാരിസിൽ ഗണേശ വിഗ്രഹങ്ങൾ നിർമിക്കുന്നവർക്കെതിരെ കേസെടുക്കാൻ ബിബിഎംപി ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിരോധനം ഏർപ്പെടുത്തിയിട്ടും മുൻ വർഷങ്ങളിൽ നിരോധിത പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള വിഗ്രഹങ്ങളുടെ വിൽപന സജീവമായിരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി.ഓഗസ്റ്റ് 27ന് നടക്കുന്ന വിനായക ചതുർഥി പാരിസ്ഥിതിക സൗഹൃദമായി ആഘോഷിക്കേണ്ടതിന്റെ പ്രാധാന്യം നഗരവാസികളെ ബോധ്യപ്പെടുത്താൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും റാവു നിർദേശിച്ചു.
വിഗ്രഹ നിമജ്ജനത്തിനായി 40 തടാകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ എല്ലാ വാർഡുകളിലും താൽക്കാലിക വാട്ടർ ടാങ്കുകളും സജ്ജീകരിക്കും. സുരക്ഷ ഉറപ്പാക്കാൻ മുങ്ങൽ വിദഗ്ധരും ക്രെയിനുകളും ഉൾപ്പെടെ ഇവിടെ ഉണ്ടാകും. സിസിടിവി ക്യാമറകളും സ്ഥാപിക്കും. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും റാവു പറഞ്ഞു.
SUMMARY: Vinayak Chathurthi; BBMP chief orders crackdown on plaster of Paris idol makers.