ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ മഥൻകുമാർ (38) സംഗീത (33) മക്കളായ റിതേഷ് (7), വിഹാൻ (5), അയൽവാസിയായ സുരേഷ് കുമാർ (26) എന്നിവരാണ് മരിച്ചത്.
കൃഷ്ണ കോംപ്ലക്സ് കെട്ടിടത്തിലെ ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ യൂണിറ്റില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിലെ മൂന്നാം നിലയിലെ വീട്ടിൽ താമസക്കാരായിരുന്നു മഥൻകുമാറും കുടുംബവും. മഥൻകുമാർ താഴത്തെ നിലയിലേക്ക് ജോലിക്കായി പോകുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയതിനാൽ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ വീട്ടിൽ ഉണ്ടായിരുന്നവർക്ക് സാധിച്ചില്ല. കനത്ത പുക കാരണം മുകളിൽ താമസിക്കുന്നവർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും താമസിച്ചിരുന്ന ആളുകൾ ടെറസിലേക്ക് ഓടിക്കയറി തൊട്ടടുത്ത കെട്ടിടത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. മരണപ്പെട്ട സുരേഷ് കുമാർ രണ്ടാം നിലയിലായിരുന്നു താമസം.
കെട്ടിടത്തിലേക്ക് ഇടുങ്ങിയ വഴിയായതിനാൽ വിവരമറിഞ്ഞ് എത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും അഗ്നിരക്ഷാ സേന അംഗങ്ങൾക്കും രക്ഷാദൗത്യത്തിനായി മൂന്നാം നിലയിലെത്തുന്നത് പ്രയാസമുണ്ടാക്കി. തീപിടുത്തത്തെത്തുടർന്നുണ്ടായ ചൂടും പുകയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. തീ അണയ്ക്കാൻ ഏകദേശം 12 മണിക്കൂർ എടുത്തു.
സംഭവത്തിൽ കെട്ടിട ഉടമകളായ ബാലകൃഷ്ണ ഷെട്ടി, സന്ദീപ് ഷെട്ടി എന്നിവർക്കെതിരെ ഹലസൂരു ഗേറ്റ് പോലീസ് കേസെടുത്തു. മഥൻകുമാറിന്റെ സഹോദരൻ ഗോപാൽ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അപകടസ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രി ജി. പരമേശ്വര സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞു. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) അന്വേഷണത്തിനായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇരകൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുമെന്നും പരമേശ്വര പറഞ്ഞു.
G Parameshwara on Nagarathpet Fire Incident: ಅಗ್ನಿ ಅವಘಡಕ್ಕೆ 5 ಬ*.. ಘಟನೆಯ ಮಾಹಿತಿ ಕೊಟ್ಟ ಪರಂ | #TV9D #Tv9kannada #Gparameshwara #ParamVisit #NagarathpetFire #PlasticShopFire #BengaluruIncident #KannadaNews pic.twitter.com/Z1XfxEKLQE
— TV9 Kannada (@tv9kannada) August 16, 2025
ഇന്നലെ ബെംഗളൂരുവിലെ വിത്സൻ ഗാർഡനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. അതിന്റെ ഭീതി ഒഴിയുന്നതിന് മുമ്പേയാണ് നഗത്തില്‍ മറ്റൊരു അപകടം.
SUMMARY: Bengaluru Nagarpetta fire; Five deaths, case against building owner