ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. റെയ്ഡിൽ 50 ലക്ഷം രൂപയോളം പിടികൂടിയതായും വിവരം. റെയ്‌ഡിനെ തുടർന്ന് നാഷണൽ മെഡിക്കൽ കമ്മീഷനിലെയും (എൻഎംസി) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും 11 ഉദ്യോഗസ്ഥരുൾപ്പെടെ 36 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
റെയ്‌ഡിൽ 1,300 കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐയുടെ കണ്ടെത്തൽ. എൻഎംസിയിലേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥർ ചേർന്നുള്ള വൻ റാക്കറ്റ് സ്വകാര്യ മെഡിക്കൽ കോളേജുകളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞു. ഉദ്യോഗസ്ഥർക്ക് ഭീമമായ കൈക്കൂലി നൽകിക്കൊണ്ടാണ് സ്വകാര്യ മെഡിക്കൽ കോളേജുകൾ അംഗീകാരം ലഭ്യമാക്കിയത്. രോഗികളുടെ എണ്ണത്തിൽ കൃത്രിമത്വം കാണിച്ചും വ്യാജ അധ്യാപകരെ വച്ചുമാണ് കോളേജുകൾ അംഗീകാരം വാങ്ങിയത്. ഇങ്ങനെ അംഗീകാരം ലഭിച്ച കോളേജുകളിൽ പലതിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഗുജറാത്തിലെ സ്വാമി നാരായൺ മെഡിക്കൽ കോളേജ് മേധാവി സ്വാമി ഭഗവത്‌വത്സല്‌ദാസ്‌ജി, ഛത്തീസ്‌ഗഡിലെ രവിശങ്കൾ മഹാരാജ് എന്നിവരുൾപ്പെടെ സിബിഐയുടെ അന്വോഷണ പരിധിയിൽ വരും.
മുതിർന്ന ഉദ്യോഗസ്ഥരുടെ രഹസ്യ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര മന്ത്രാലയ ഫയലുകളുടെ ഫോട്ടോയെടുത്ത് സ്വകാര്യ മൊബൈൽ ഉപകരണങ്ങൾ വഴി സ്വകാര്യ കോളജുകളിൽ പ്രവർത്തിക്കുന്ന ഇടനിലക്കാർക്ക് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.
SUMMARY: CBI raids 40 medical colleges in the country; corruption worth Rs 1300 crore found