ന്യൂഡല്‍ഹി: 2025-26 അധ്യയന വർഷത്തിലെ സിബിഎസ്‌ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതലാണ് പരീക്ഷകള്‍ തുടങ്ങുക. വിദ്യാർഥികള്‍ക്കും സ്കൂളുകള്‍ക്കും സിബിഎസ്‌ഇ-യുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in നിന്ന് ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഈ വര്‍ഷം പരീക്ഷ ആരംഭിക്കുന്നതിന് 110 ദിവസങ്ങള്‍ മുമ്പാണ് അന്തിമ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 24ന് താല്‍ക്കാലിക ടൈംടേബിള്‍ സിബിഎസ്‌ഇ പുറത്തിറക്കിയിരുന്നു. എല്ലാ സ്‌കൂളുകളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു താല്‍ക്കാലിക ടൈംടേബിള്‍ പ്രസിദ്ധികരിച്ചത്.
പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂണ്‍ ഒന്നിനാണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രില്‍ 9ന് അവസാനിക്കും. 10.30 മുതലാണ് പരീക്ഷകള്‍ തുടങ്ങുക.
2026 മുതല്‍ പത്താം ക്ലാസ് ബോർഡ് പരീക്ഷകള്‍ വർഷത്തില്‍ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്‌ഇ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം പരീക്ഷ വിദ്യാർഥികള്‍ ആവശ്യമെങ്കില്‍ മാത്രം എഴുതിയാല്‍ മതി. ആദ്യ പരീക്ഷയില്‍ വിജയിക്കാതിരിക്കുകയോ മാർക്ക് കുറയുകയോ ചെയ്തവർക്ക് അത് മെച്ചപ്പെടുത്താനാണ് രണ്ടാം പരീക്ഷയിലൂടെ അവസരം ഒരുക്കുന്നത്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ലെ ശുപാർശകള്‍ക്ക് അനുസൃതമായി, പത്താം ക്ലാസിലേക്ക് രണ്ട് ബോർഡ് പരീക്ഷകള്‍ നടത്തുമെന്ന് സിബിഎസ്‌ഇ അറിയിച്ചു. തീയതികള്‍ തയ്യാറാക്കുമ്പോൾ വിദ്യാർഥികളുടെ സൗകര്യം ഉറപ്പുവരുത്തിയതായി ബോർഡ് എടുത്തുപറഞ്ഞു. രണ്ട് ക്ലാസുകളിലെയും വിദ്യാർഥികള്‍ സാധാരണയായി തിരഞ്ഞെടുക്കുന്ന പ്രധാന വിഷയങ്ങള്‍ക്കിടയില്‍ മതിയായ പഠന സമയം നല്‍കിയിട്ടുണ്ട്.
കൂടാതെ, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികള്‍ക്കുള്ള പ്രവേശന പരീക്ഷകളുടെ തീയതികള്‍ പരിഗണിച്ച്, പ്രവേശന പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബോർഡ് പരീക്ഷകള്‍ പൂർത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. “ഇത് ബോർഡ് പരീക്ഷകള്‍ക്കും പ്രവേശന പരീക്ഷകള്‍ക്കും മികച്ച സമയ മാനേജ്മെന്റിന് വിദ്യാർത്ഥികളെ സഹായിക്കും,” സിബിഎസ്‌ഇ അധികൃതർ വ്യക്തമാക്കി.
ഒരു വിദ്യാർഥി എഴുതുന്ന രണ്ട് വിഷയങ്ങളുടെ പരീക്ഷകള്‍ ഒരേ തീയതിയില്‍ വരാതിരിക്കാൻ 40,000-ത്തിലധികം സബ്ജക്റ്റ് കോമ്പിനേഷനുകള്‍ ഒഴിവാക്കിയാണ് ടൈംടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്. മൂല്യനിർണ്ണയ പ്രക്രിയയില്‍ സ്കൂളുകളിലെ അധ്യാപകർക്ക് കൂടുതല്‍ കാലം അവധിയെടുക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഈ ഡേറ്റ് ഷീറ്റ് സഹായകമാവുമെന്നും ബോർഡ് വ്യക്തമാക്കി.
SUMMARY: CBSE publishes timetable for class 10, 12 exams


 
                                    









