ബെയ്ജിങ്: ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും മൂല്യവര്‍ധിത നികുതി(വാറ്റ്) പിരിക്കാനൊരുങ്ങി ചൈന. കുട്ടികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ജനുവരി ഒന്നിന് നികുതി പ്രാബല്യത്തിലെത്തും. ജനസംഖ്യാച്ചുരുക്കം നേരിടുന്ന സാഹചര്യത്തിൽ ചൈനീസ് കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കൂട്ടുക ലക്ഷ്യമിട്ടാണ് പദ്ധതി. ഇതോടെ കോണ്ടത്തിന് മുമ്പുണ്ടായിരുന്ന 13 ശതമാനം വാറ്റ് നല്‍കേണ്ടിവരും.
ജനസംഖ്യ പെരുകിയതോടെ 1980 മുതൽ 2015 വരെയുള്ള കാലയളവിൽ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ചൈനയിൽ ‘ഒറ്റക്കുട്ടിനയം’ നടപ്പാക്കി. ലംഘിക്കുന്നവർ ഭീമൻ പിഴയടയ്ക്കണമായിരുന്നു. ചിലപ്പോൾ നിർബന്ധിത ഗർഭച്ഛിദ്രത്തിനുപോലും വിധേയരാകേണ്ടിവന്നു. എന്നാൽ, ജനസംഖ്യ കുറയാൻ തുടങ്ങിയതോടെ 2015-ൽ സർക്കാർ നയം തിരുത്തി രണ്ടുകുട്ടികളാകാമെന്ന വ്യവസ്ഥകൊണ്ടുവന്നു. 2021-ൽ അത് മൂന്നാക്കി ഉയർത്തി. എന്നിട്ടും പ്രയോജനമില്ലാതായതോടെ, കുട്ടികളെ വളർത്തുന്നതിന് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.
2024 ല്‍ ചൈനയില്‍ 9.5 ദശലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചത്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 2019 ല്‍ ജനിച്ച 14.7 ദശലക്ഷത്തേക്കാള്‍ ഏകദേശം മൂന്നിലൊന്ന് കുറവാണിത്. ചൈനയില്‍ ജനനനിരക്കിനെക്കാള്‍ മരണനിരക്ക് വര്‍ദ്ധിച്ചതോടെ, 2023-ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയിരുന്നു.
SUMMARY: China plans to tax condoms to boost population














