ഇസ്ലാമാബാദ്: പാക് സൈന്യവും അഫ്ഗാനിസ്ഥാന്റെ താലിബാൻ സേനയും തമ്മിൽ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടല്‍. അഞ്ച് പേർ കൊല്ലപ്പെട്ടു. തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക്കിനടുത്തുള്ള അതിർത്തി പ്രദേശത്ത് മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ അഞ്ച് പേര് മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു.
വെടിവെപ്പുകൾ ആരംഭിച്ചതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി മേഖലയിൽ സ്ഥിതി ചെയ്യുന്ന അഫ്ഗാൻ നഗരമായ സ്പിൻ ബോൾഡാക്കിൽ നിന്ന് താമസക്കാർ രാക്കുരാമാനം പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. കാൽനടയായും വാഹനങ്ങളിലുമായി നിരവധി അഫ്ഗാനികൾ പലായനം ചെയ്യുന്നതായുള്ള പ്രദേശത്തു നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് സ്പിന്‍ ബോള്‍ഡക്കില്‍ നിന്ന് ആളുകൾ പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ ലംഘിച്ച് ഏറ്റുമുട്ടലിന് തുടക്കമിട്ടതിന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ വരെ ഏറ്റുമുട്ടൽ നീണ്ടുനിന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒക്ടോബർ മുതൽ ഉയർന്ന നിലയിലാണ്. ഒക്ടോബർ ഒൻപതിന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന സ്ഫോടനങ്ങളെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയ താലിബാൻ സർക്കാർ, പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
SUMMARY: Clashes on Pak-Afghan border; Five killed














