കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു വി.എം. വിനു. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് കോർപ്പറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല. കല്ലായി ഡിവിഷനിൽ നിന്നാണ് വിനുവിനെ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. പ്രചാരണവും തുടങ്ങിയിരുന്നു.
അതേസമയം വി.എം.വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പിൽ വി.എം.വിനു വോട്ട് ചെയ്തിരുന്നു. അന്നത്തെ ലിസ്റ്റും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പത്രസമ്മേളനത്തിൽ ഹാജരാക്കി. വർഷങ്ങളായി കോഴിക്കോട് താമസിക്കുന്ന ആളാണ് സംവിധായകൻകൂടിയായ വി.എം.വിനു. പിന്നെ എന്തിനാണ് പേര് ഒഴിവാക്കിയത്. ഇതിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹർജിനൽകുമെന്നും അദ്ദേഹം പറഞ്ഞു.
പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി എം വിനുവിന്റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
തിരുവനന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോൺഗ്രസ് പ്രവർത്തക വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്നത് വിവാദമായി മാറിയിരുന്നു.
SUMMARY: Director V.M. Vinu cannot contest as his name is not in the voter list; Congress says it will approach the High Court













