ബെംഗളൂരു: പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകന് വസ്ത്രങ്ങൾ നൽകാനെന്ന മറവിൽ കഞ്ചാവ് എത്തിക്കുന്നതിനിടെ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ചയാണ് സംഭവം. മാണ്ഡി പോലീസ് ആണ് അറസ്റ്റുചെയ്തത്.
ജയിൽ പ്രവേശന കവാടത്തിലെ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കാർബൺ പേപ്പറിൽ പായ്ക്ക് ചെയ്ത് ജീൻസിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ദമ്പതികളെ ചോദ്യം ചെയ്തതിൽനിന്ന് കഞ്ചാവ് എത്തിച്ച് നൽകാൻ ആവശ്യപ്പെട്ട സുരേഷിനെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ എൻഡിപിഎസ് ആക്ട്, ജയിൽ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
SUMMARY: Couple arrested while delivering cannabis to son in prison














