കാസറഗോഡ്: കാസറഗോഡ് നഗരത്തിൽ ഗായകൻ ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. തിരക്ക് നിയന്ത്രിക്കാൻ പറ്റാത്തത് കാരണമാണ് ആളുകൾ ക്ഷീണം പിടിച്ച് കുഴഞ്ഞുവീണത്. പത്തു പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കാസറഗോഡ് ഫ്ലീ സംഘടിപ്പിച്ച പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ സംഗീത പരിപാടിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്.
കാസറഗോഡ് പുതിയ ബസ്റ്റാൻഡിന് സമീപത്തെ ഗ്രൗണ്ടിൽ നടന്നുവരുന്ന പ്രദർശനത്തിന്റെ സമാപനദിവസമായിരുന്നു ഇന്ന്. ഗ്രൗണ്ടിൽ കുറച്ച് ആളുകളെ മാത്രമേ ഉൾക്കൊള്ളുമായിരുന്നുള്ളൂ. എന്നാൽ വലിയ ജനക്കൂട്ടം പരിപാടി ആസ്വദിക്കാനെത്തിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. കൂടുതൽ ആളുകൾ ഗ്രൗണ്ടിനു പുറത്തും തടിച്ചുകൂടി.
ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി സ്ഥലത്ത് നേരിട്ടെത്തി പരിപാടി നിർത്തിവച്ചു. പോലീസ് ലാത്തി വീശി തിരക്ക് നിയന്ത്രണ വിധേയമാക്കി. പരിപാടിയെ തുടർന്ന് നഗരം മണിക്കൂറുകളോളം തിരക്കിൽപെട്ടു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങളെ കടത്തിവിടാൻ പോലീസ് പാടുപെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിവരുടെ നില ഗുരുതരമല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.
SUMMARY: Crowded during Hanan Shah’s event; Ten people collapse, taken to hospital














