ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. നാലുപേരെ പൊലീസ് പിടികൂടി. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. പ്ലസ് വണ്‍ വിദ്യാര്‍ഥനിയായിരുന്നു പെണ്‍കുട്ടി.
മൂത്ത സഹോദരിയെ കാണാനാണ് പെണ്‍കുട്ടി സുഹൃത്തിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിയത്. പെട്രോള്‍ പമ്പിന് സമീപമുള്ള ഒരു മാമ്പഴത്തോട്ടത്തിന് സമീപം ഇരുവരും വണ്ടി നിര്‍ത്തിയപ്പോള്‍ അഞ്ചുപേര്‍ അവരുടെ അടുത്തേക്കെത്തി. വിദ്യാര്‍ഥിനിയുടെ സുഹൃത്തിനെ സംഘം മര്‍ദിച്ചു.
ഇയാള്‍ ഓടി രക്ഷപ്പെട്ടതോടെ അഞ്ച് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കൃഷ്ണനഗര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വികാസ് കുമാര്‍ പാണ്ഡെ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് പെണ്‍കുട്ടി ഫോണിലൂടെ തന്റെ സഹോദരീ ഭര്‍ത്താവിനോട് കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
SUMMARY: Dalit Plus One student gang-raped in UP; four arrested