ഡല്‍ഹി: പൈലറ്റുമാര്‍ക്ക് പരിശീലനത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അപകടകരമായ റണ്‍വേയുള്ള കോഴിക്കോട്, ലേ, കാഠ്മണ്ഡു തുടങ്ങിയ വിമാനത്താളങ്ങളില്‍ വിമാനം ഇറക്കുന്നതിന് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കേണ്ട സിമുലേറ്റുകള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളിലെന്ന് കാണിച്ചാണ് ഡിജിസിഎയുടെ നടപടി.
ക്യാപ്റ്റന്മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാരായ 1700 പൈലറ്റുമാര്‍ക്കുമാണ് പരിശീലനം നല്‍കേണ്ടത്. കാലാവസ്ഥ, ഭൂപ്രകൃതി, സമീപിക്കേണ്ട രീതി എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ പ്രകാരം കോഴിക്കോട്, ലേ, കാഠ്മണ്ഡു എന്നീ വിമാനത്താവളങ്ങളെ കാറ്റഗറി സി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ടേബിള്‍ ടോപ് റണ്‍വേയുമാണുള്ളത്. അതുകൊണ്ട് ഇത്തരം പ്രദേശങ്ങളില്‍ പ്രത്യേക സിമുലേറ്റര്‍ ട്രെയിനിങ്ങാണ് നല്‍കുക.
ചെന്നൈ, ഡല്‍ഹി, ബെംഗളൂരു, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഹൈദരാബാദ് തുടങ്ങിയ പരിശീലന കേന്ദ്രങ്ങളില്‍ 20ഓളം സിമുലേറ്ററുകള്‍ ഉള്ളതായി ഡിജിസിഎ ഉത്തരവില്‍ പറയുന്നു. പരിശീലന കമ്പനികളായ സിഎസ്ടിപിഎല്‍, എഫ്‌സിടിസി, എസിഎടി, എയര്‍ ബസ് തുടങ്ങിയ ട്രെയിനിങ് സംഘടനകളുടേതായിട്ടുള്ള സിമുലേറ്റര്‍ ഉപകരണങ്ങള്‍ കോഴിക്കോട്, ലേ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല.
SUMMARY: DGCA fines IndiGo Rs 40 lakh for pilot training lapses