ബെംഗളൂരു: ധർമസ്ഥല ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിനെയും ക്ഷേത്ര ട്രസ്റ്റിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വീണ്ടും വിലക്കേർപ്പെടുത്തി ബെംഗളൂരു കോടതി. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ഡി. ഹർഷേന്ദ്രകുമാർ സമർപ്പിച്ച ഹർജിയിൽ ബെംഗളൂരുവിലെ 17-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി എം. അനിതയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അപകീർത്തികരമായി പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യാനും കോടതി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോട് നിർദേശിച്ചു.
ധർമസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 18-ന് ഡി. ഹർഷേന്ദ്ര കുമാർ സിവിൽ കോടതിയിൽ നല്‍കിയ ഹർജിയെ തുടർന്ന് വാർത്തകൾ നൽകുന്നതിനു വിലക്കേർപ്പെടുത്തി കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. യുട്യൂബ് ചാനലുകളുൾപ്പെടെ 338 മാധ്യമങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. പ്രസിദ്ധീകരിച്ച വാർത്തകളുടെ 8,842 വെബ് ലിങ്കുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടു.
ഇതിനെ ചോദ്യംചെയ്ത് ഒരു യുട്യൂബ് ചാനലുടമ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഓഗസ്റ്റ് ഒന്നിന് സിവിൽ കോടതിയുടെ ഉത്തരവ് റദ്ദാക്കി. ഇതിനെ ചോദ്യംചെയ്ത് ഡി. ഹർഷേന്ദ്രകുമാർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാക്കാൻ സുപ്രീംകോടതി സിവിൽകോടതിയോട് നിർദേശിച്ചു. തുടർന്നാണ് വാർത്തകൾക്ക് വിലക്കേർപ്പെടുത്തി വീണ്ടും ബെംഗളൂരു കോടതി ഉത്തരവിട്ടത്.
SUMMARY: Dharmasthala; Ban on publishing defamatory news
SUMMARY: Dharmasthala; Ban on publishing defamatory news