ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത് നഗരത്തിൽ പതിച്ച് 22 പേർക്ക് പരുക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലിയന്‍ വ്യോമ പ്രതിരോധത്തെ കബളിപ്പിച്ചാണ് ഡ്രോൺ പതിച്ചത്. നഗരമധ്യത്തിൽ പതിക്കുന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുരുതര പരുക്കേറ്റവരെ ഇസ്രയേൽ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളിൽ ബീർഷെബയിലെ സൊറോക്ക മെഡിക്കൽ സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരെ എയ്‌ലാത്തിലെ യോസെഫ്താൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
ഷോപ്പിങ് ഏരിയയിലെ ഹോട്ടലിന് സമീപമാണ് ഡ്രോൺ ആക്രമണം നടന്നത്. രണ്ട് അയൺ ഡോം ഇന്റർസെപ്റ്റർ മിസൈലുകൾ തൊടുത്തുവിട്ടുവെങ്കിലും ഡ്രോൺ തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായി സൈന്യം സമ്മതിച്ചു. അതേസമയം ആക്രമണ മുന്നറിയിപ്പ് സൈറണുകൾ പ്രോട്ടോക്കോൾ അനുസരിച്ച് മുഴങ്ങിയിരുന്നു. വീഴ്ചയെ കുറിച്ച് ഇസ്രയേലി വ്യോമസേന അന്വേഷണം ആരംഭിച്ചു.
SUMMARY: Drone attack in Israel: 22 injured