കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ രാജപുരത്ത് നാടൻ കള്ളത്തോക്ക് നിർമാണത്തിനിടെ ഒരാൾ പിടിയിൽ. നാടൻ തോക്കുകളും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു. രാജപുരം കോട്ടക്കുന്നിലെ ജെസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് നാടൻ തോക്ക് നിർമ്മാണത്തിലേർപ്പെട്ടിരുന്ന ആലക്കോട് കാർത്തികപുരത്തെ അജിത്ത് കുമാർ (55)നെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു നാടൻ തോക്കും, നിർമ്മാണത്തിലിരിക്കുന്ന ഒരു തോക്കും ഉൾപ്പെടെ മൂന്ന് തോക്കുകൾ പോലീസ് പിടിച്ചെടുത്തു. ഇതിന് പുറമെ തോക്ക് നിർമ്മാണത്തിന് ആവശ്യമായ നിരവധി സാധനങ്ങളും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബേക്കൽ, കാഞ്ഞങ്ങാട് ഡി വൈ എസ് പി മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ആശാരിപണിയിലു കൊല്ലപ്പണിയിലും വിദഗ്ധനായ പ്രതി മരവും വാഹനത്തിന്‍റെ ഇരുമ്പ് പൈപ്പ് ഭാഗങ്ങളും ഉപയോഗിച്ചാണ് തോക്ക് നിർമ്മിച്ചിരുന്നത്.
പുതിയ തോക്കുകൾ ഒളിവിലുള്ള പ്രതികൾക്കുവേണ്ടിയാണ് നിർമിച്ചതെന്നാണ് വിവരം. 2010, 2011 വർഷങ്ങളിലും ആയുധനിയമ പ്രകാരം പ്രതിയുടെ പേരിൽ രാജപുരം പോലീസ് കേസെടുത്തിരുന്നു. 2012-ൽ കർണാടക സുള്ള്യയിലും സമാനമായ കേസിൽ ശിക്ഷിക്കപ്പട്ടിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് ജസ്റ്റിന്‍റെ കോട്ടക്കുന്നിലെ വീട് വാടകയ്ക്കെടുത്തത്. ഒരു മാസം കൊണ്ടാണ് ഒരു തോക്ക് നിർമ്മിക്കുന്നത്. തോക്ക് ആവശ്യമുള്ളവർക്ക് സ്ഥലത്തെത്തി തോക്ക് നിർമ്മിച്ചു കൊടുക്കുന്ന രീതിയായിരുന്നു ഇയാളുടേത്. ഒളിവിൽ പോയ മറ്റ് രണ്ടു പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. അജിത്ത് കുമാർ ഇതിന് മുമ്പ് തോക്ക് നിർമ്മാണ കേസിൽ പ്രതിയായിട്ടുണ്ട്. കോടതിൽ ഹജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
SUMMARY: Fake gun manufacturing facility found in Kasaragod; one arrested, two absconding