തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണി തീർന്ന് തിരിച്ചുപറന്നു.
ഓസ്ട്രേലിയയിലെ ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെനിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര.
ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും പവർ യൂണിറ്റിലെ പ്രശ്നങ്ങളും ബ്രിട്ടനില്‍ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു. യുദ്ധവിമാനം മടങ്ങിയതോടെ 14 അംഗ വിദഗ്ധസംഘവും തിരുവനന്തപുരത്തുനിന്ന് തിരികെ പോകും. കഴിഞ്ഞ ജൂണ്‍ 14നാണ് F-35 അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടർന്നാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്.
പിന്നീട് തകരാറുകള്‍ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി. പിന്നാലെയാണ് ബ്രിട്ടണില്‍ നിന്ന് വിദഗ്ധസംഘം എത്തിയത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി നടന്നത്. ഒസ്ട്രേലിയയിലെ ഡാർവിനിലേക്കായിരുന്നു ജെറ്റ് വിമാനം പോയത്.
SUMMARY: Finally back; F-35B fighter jet returns to Britain