കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ് മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്. കളിക്കുന്നതിനിടയില്‍ വാഷിംഗ് മിഷീന്റെ ഉള്ളില്‍ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയില്‍ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്.
ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്. നാലു വയസ്സുള്ള കുട്ടി മെഷീനില്‍ കുടുങ്ങി എന്ന വിവരം അറിഞ്ഞാണ് മീഞ്ചന്ത ഫയർ യൂണിറ്റ് കുതിച്ചെത്തിയത്. വീട്ടിലെത്തുന്നതുവരെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ ഫോഴ്സ് കരുതിയത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ഹനാൻ വാഷിംഗ് മെഷീന് ഉള്ളില്‍ പൂർണ്ണമായും അകപ്പെട്ടതാണെന്ന് മനസ്സിലായത്. തുടർന്ന് ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനലിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.
വീട്ടുകാരുടെയും പരിസരവാസികളുടെയും സഹായത്തോടെ യാതൊരു പരുക്കുമില്ലാതെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചത്. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ടോപ്പ് ലോഡർ വാഷിംഗ് മെഷീനില്‍ കുട്ടി കുടുങ്ങിയെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി ഒമ്പതരക്ക് തുടങ്ങിയ രക്ഷാദൗത്യം പത്തരയോടെയാണ് പൂർത്തിയാക്കിയത്. യാതൊരു പരുക്കുമേല്‍ക്കാതെ കുട്ടിയെ പുറത്തെത്തിക്കാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് ഫയർഫോഴ്സ് സംഘം.
SUMMARY:Firefighters rescue four-year-old boy who got stuck inside washing machine while playing in Kozhikode