ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 90 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും, 1991 മുതല്‍ 1996 വരെ പത്താമത് ലോക്‌സഭാ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2010 മുതല്‍ 2015 വരെ പഞ്ചാബ് ഗവര്‍ണറായും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1935 ഒക്ടോബര്‍ 12-ന് ജനിച്ച പാട്ടീല്‍, ലാത്തൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫ് ആയാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1970-കളുടെ തുടക്കത്തില്‍ അദ്ദേഹം എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ലാത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ അദ്ദേഹം വിജയിച്ചു. എന്നാല്‍ 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രൂപതായ് പാട്ടീല്‍ നിലംഗേക്കറിനോട് അദ്ദേഹം പരാജയപ്പെട്ടു.
വിപുലമായ വായന, സൂക്ഷ്മമായ പഠനം, വ്യക്തമായ അവതരണശൈലി എന്നിവയ്ക്ക് പേരുകേട്ട വ്യക്തിയായിരുന്നു പാട്ടീല്‍. മറാത്തി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാണ്ഡിത്യവും ഭരണഘടനാ വിഷയങ്ങളിലുള്ള അഗാധമായ അറിവും അദ്ദേഹത്തെ അക്കാലത്തെ ഏറ്റവും ആദരണീയനായ പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളാക്കി മാറ്റി.
SUMMARY: Former Union Home Minister Shivraj Patil passes away














