ബെംഗളൂരു: മതിയായ രേഖകളില്ലാതെ കുടക് ജില്ലയിൽ താമസിച്ചു വന്ന നാല് ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ. മുഹമ്മദ് സുജൻ (32), സോണിയ അക്തർ (28), മക്കളായ സഞ്ജിദ (10), ഷിയാം (5) എന്നിവരാണ് അറസ്റ്റിലായത്. അസമിൽനിന്നുള്ള തൊഴിലാളികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കഴിഞ്ഞിരുന്നതെന്നും നാടുകടത്തുന്ന നടപടികളുടെ ഭാഗമായി ഇവരെ ബെംഗളൂരുവിലെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന് (FRRO) കൈമാറുമെന്നും പോലീസ് അറിയിച്ചു.
പൊന്നംപേട്ട് താലൂക്കിലെ ബാലലെ പഞ്ചായത്തിലെ കൊട്ടിഗേരിയിലെ ഒരു തോട്ടത്തിലായിരുന്നു കുടുംബം ജോലി ചെയ്തിരുന്നത്. സംശയം തോന്നിയ ഹിന്ദു ജാഗരണ വേദിക പ്രവർത്തകരും പ്രദേശവാസികളും ഇവരെ ചോദ്യംചെയ്യുകയായിരുന്നു. സാധുവായ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് ഇവരെ പൊന്നംപേട്ട് പോലീസിന് കൈമാറി. ഉപജീവനമാർഗ്ഗം തേടിയാണ് കുടുംബം കുടകിൽ എത്തിയതെന്നും നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചുവെന്നതൊഴിച്ചാൽ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇവർക്കെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
SUMMARY: Four Bangladeshis residing without documents arrested in Kodagu
















