ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി ഗിരീഷ് കാമ്പനൂർ ആണ് കൊല്ലപ്പെട്ടത്. മൂന്നുവർഷം മുൻപ് അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കാമ്പനൂരിനെയും ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിൻ്റെതിന്റെ കേസ് മുന്നോട്ട് പോകുന്നതിനിടെയാണ് അഞ്ജലി കൂടി കൊല്ലപ്പെട്ടത്.
മൂന്ന് ദിവസം മുമ്പ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ഇരുചക്ര വാഹനത്തിന് എത്തിയ നാലംഗ സംഘം കാർ തടഞ്ഞുനിർത്തി അഞ്ജലിയെ വലിച്ച് പുറത്തിട്ട് വെട്ടിയത്. മുഖത്തും നെഞ്ചിലും കൈകാലുകളിലും മാരകമായി വെട്ടേറ്റ അഞ്ജലി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഷഹബാദ് മുനിസിപ്പൽ കൗൺസിലിന്റെ മുൻ പ്രസിഡന്റാണ് അഞ്ജലി. മൂന്ന് വർഷം മുമ്പ് ഇവരുടെ ഭർത്താവ് ഗിരീഷ് കമ്പാനൂരിനെയും ഇതേ അക്രമികളാണ് കൊലപ്പെടുത്തിയത്. അന്ന് യാദ്ഗിരി റെയിൽവേ സ്റ്റേഷന് സമീപം നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനു മുമ്പ് ഗിരീഷിന്റെ സഹോദരനെയും ഇതേ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ തന്നെയാണ് ഇപ്പോഴത്തെ ആക്രമണത്തിലും കലാശിച്ചതെന്ന് പോലീസ് പറയുന്നു.
അക്രമിസംഘത്തെ നിയോഗിച്ച ശങ്കർ എന്നയാളെ കഴിഞ്ഞ മാസം ഒരു ക്വട്ടേഷൻ സംഘം ആളുകൾ ആക്രമിച്ചിരുന്നു. ഇതിന് പിന്നിൽ അഞ്ജലിയാണെന്ന് ധരിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊലയാളി സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
SUMMARY: Government employee hacked to death in broad daylight in Yadgir













