പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിയായ ഒമ്പതു വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപയാണ് ചികിത്സാ സഹായമായി അനുവദിച്ചത്.
കുട്ടിയുടെ തുടർ ചികിത്സയ്ക്കുള്ള പണം പോലും കണ്ടെത്താനാവാതെ ദുരിതത്തിലായിരുന്ന കുടുംബത്തിന് ഈ സഹായം വലിയ ആശ്വാസമാവുകയാണ്. കളിക്കുന്നതിനിടെ നിലത്ത് വീണ് വലത് കൈയൊടിഞ്ഞ ഒൻപതുവയസ്സുകാരി വിനോദിനിക്ക് സെപ്റ്റംബർ 24-നാണ് അപകടം സംഭവിച്ചത്.
ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈക്ക് മുറിവുമുണ്ടായിരുന്ന വിനോദിനിയുടെ കൈക്ക് ജില്ലാ ആശുപത്രിയില്‍ നിന്ന് പ്ലാസ്റ്ററിട്ടു. എന്നാല്‍, കൈവിരലുകളില്‍ കുമിളകള്‍ പൊന്തുകയും കൈ അഴുകിയ നിലയിലാവുകയും ചെയ്തതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അവിടെവെച്ച് അണുബാധ രൂക്ഷമായതിനെ തുടർന്ന് വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യത്തില്‍ പോരാട്ടം നടത്തുന്ന കുടുംബത്തിന്, ചികിത്സാസഹായം നല്‍കാനുള്ള സർക്കാരിന്റെ തീരുമാനം ആശ്വാസമാവുകയാണ്.
SUMMARY: Government grants financial assistance to nine-year-old girl whose hand was amputated













