ബെംഗളൂരു: നഗരത്തിൽ 250 മീറ്റർ ഉയരത്തിൽ സ്കൈ ഡെക്ക് നിർമിക്കുന്ന പദ്ധതി ബെംഗളൂരു വികസന അതോറിറ്റിക്കു (ബിഡിഎ) കൈമാറി. 500 കോടി രൂപ മുതൽ മുടക്കുള്ള പദ്ധതിയുള്ള നിർമാണം ബിഡിഎയ്ക്കു കൈമാറി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉത്തരവിറക്കി.
നേരത്തേ ബിബിഎംപിയെയാണ് പദ്ധതിയുടെ നിർമാണ ഉത്തരവാദിത്വം ഏൽപിച്ചിരുന്നത്. എന്നാൽ വിമാനത്താവളമുള്ളതിനാൽ സുരക്ഷിതമായ സ്ഥലം കണ്ടെത്താൻ ബിബിഎംപിക്കു കഴിഞ്ഞില്ല. ഇതോടെ ബെംഗളൂരു സ്മാർട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു പദ്ധതി കൈമാറി. എന്നാൽ പദ്ധതിക്കു ഉദ്ദേശിച്ച വേഗം കൈവരാത്ത സാഹചര്യത്തിലാണ് ബിഡിഎയെ ഏൽപിക്കുന്നത്.
നിലവിൽ കെങ്കേരി സാറ്റ്ലൈറ്റ് ക്ലബിനു സമീപമുള്ള കൊമ്മഘട്ടെയിലെ രാമസന്ദ്രയിലാണ് സ്കൈ ഡെക്കിനു സ്ഥലം കണ്ടെത്തിയിട്ടുള്ളത്. 41 ഏക്കർ ഭൂമിയാണ് വേണ്ടത്. ഇതിനായി കർണാടക വ്യവസായ മേഖല വികസന ബോർഡ്, ബെംഗളൂരു നഗര ജില്ലാ ഭരണകൂടം, നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നന്ദി) എന്നിവയുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.
SUMMARY: Govt hands over Bengaluru Sky Deck project to BDA.