ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി തന്നെയാണ് ഇക്കാര്യം തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. മോഷണ ദൃശ്യങ്ങള്‍ അടങ്ങിയ സിസിടിവി വീഡിയോസും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചു.
ഡെലിവറി ബോയ്സിന്‍റെ വേഷത്തിലെത്തിയ രണ്ടുപേർ വീട്ടിലെ വാട്ടർ പമ്പിന്‍റെ ഇരുമ്പ് അടപ്പ് മോഷ്ടിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉണ്ട്, സ്വിഗ്ഗി അല്ലെങ്കിൽ സൊമാറ്റൊ ജീവനക്കാരാണെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കൾ ഇരുചക്ര വാഹനത്തിലെത്തി. അവരിൽ ഒരാൾ പരിസരത്ത് കയറി വാട്ടർ പമ്പിന്‍റെ അടപ്പ് ഊരാൻ ശ്രമിച്ചു. ഇരുമ്പ് അടപ്പ് എടുത്ത് ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. ഈ ദൃശ്യങ്ങളാണ് വിഡിയോയില്‍ പതിഞ്ഞത്. KA03HY8751 എന്ന നമ്പറുള്ള ചുവന്ന ഹോണ്ട ആക്ടിവയിലാണ് അവർ വന്നത്. മോഷണം നടത്തുന്നതിന് ഏകദേശം 15 മിനിറ്റ് മുമ്പ് പ്രതികൾ സ്ഥലം സന്ദർശിച്ചിരുന്നെന്ന് റിക്കി പറഞ്ഞു.
സൊമാറ്റോ, സൊമാറ്റോ കെയർ, ബെംഗളൂരു സിറ്റി പോലീസ് എന്നിവരെ ടാഗ് ചെയ്താണ് പോസ്റ്റ് ഉള്ളത്. ദൃശ്യങ്ങളില്‍ ഉള്ള വ്യക്തിയെ തിരിച്ചറിയാൻ സഹായിക്കാമോ എന്ന് കെജ് ചോദിച്ചു. സമാനമായ സംഭവങ്ങൾ മറ്റുള്ളവർക്കും സംഭവിക്കാമെന്ന് മുന്നറിയിപ്പും എക്സ് പോസ്റ്റിലൂടെ കേജ് നൽകി.
മൂന്ന് തവണ ഗ്രാമി അവാർഡ് നേടിയിട്ടുള്ള ഇന്ത്യൻ സംഗീതസംവിധായകനും പരിസ്ഥിതി പ്രവർത്തകനുമാണ് റിക്കി കെജ്. 1981 ൽ അമേരിക്കയിലെ നോർത്ത് കരോലിനയിൽ ജനിച്ചു, എട്ടാമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് താമസം മാറി. നഗരത്തിലെ ബിഷപ്പ് കോട്ടൺ സ്കൂളിൽ പഠിച്ച അദ്ദേഹം പിന്നീട് ഓക്സ്ഫോർഡ് ഡെന്റൽ കോളേജിൽ നിന്ന് ദന്തചികിത്സയിൽ ബിരുദം നേടിയിട്ടുണ്ട്.
SUMMARY: Grammy winner Ricky Cage’s home robbed














