തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല.
കന്യാകുമാരി കടലിന് മുകളില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ലക്ഷദ്വീപ്‌നും മാലിദ്വീപിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനിടെ, ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. നവംബര്‍ 22 ഓടെ ഇത് പുതിയ ന്യുനമര്‍ദ്ദമായി മാറാനുള്ള സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമര്‍ദ്ദമായി മാറിയേക്കും. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
അതിനാല്‍ കേരളത്തില്‍ വരുന്ന അഞ്ചുദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. നവംബര്‍ 21, 22, 23 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
SUMMARY: Heavy rain is likely in Kerala today












