എറണാകുളം: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തിവച്ച ടോള്‍ വിലക്കാണ് കോടതി വീണ്ടും നീട്ടിവെച്ചത്. ടോള്‍ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവും ഇല്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലകളക്ടർ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെയാണ് ടോള്‍ വിലക്ക് നീട്ടിയത്.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്ന കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോൻ എന്നിവരുടെ ബെഞ്ചാണ് ടോള്‍ പിരിവ് നിരോധനം നീട്ടിയത്. ടോള്‍ വിലക്കിലും നിരക്ക് കൂട്ടിയ നടപടിയിലും നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിങ് പ്രശ്നം ഉണ്ട്. നാല് വരി പാത ചെറിയ സർവീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ്. ദേശീയപാതയില്‍ ബദല്‍ മാർഗങ്ങളൊരുക്കാതെ വാണിയമ്പാറ മുതല്‍ ചിറങ്ങര വരെ ഏഴ് ഇടങ്ങളില്‍ ഒരേസമയം അടിപ്പാത നിർമാണം തുടങ്ങിയതോടെയാണ് ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായത്.
ജനം നേരിടുന്ന ബുദ്ധിമുട്ടു കണക്കിലെടുത്ത് ടോള്‍ പിരിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് വിലക്കുണ്ടായത്. ടോള്‍ നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍ ഹർജി നല്‍കിയെങ്കിലും ടോള്‍ തടഞ്ഞത് സുപ്രീംകോടതിയും ശരിവക്കുകയായിരുന്നു.
SUMMARY: High Court extends ban on toll collection in Paliyekkara till Friday