കൊച്ചി: ഗതാഗത വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹരജികളിലാണ് ഹൈക്കോടതി നടപടി. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറും ഉത്തരവുകളും ഇതോടെ അസാധുവായി. ഡ്രൈവിംഗ് ടെസ്റ്റിന് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കാനായി ഗതാഗത കമ്മീഷണര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു.
പഴയ വാഹനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ഹരജിക്കാര്‍ വാദിച്ചു. ഡ്രൈവിംഗ് പരിശീലന വാഹനങ്ങള്‍ക്ക് ഡാഷ് ബോര്‍ഡ് കാമറ നിര്‍ബന്ധമെന്ന് കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇത് മോട്ടോര്‍ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
ഡ്രൈവിംഗ് പരിശീലനം റെക്കോഡ് ചെയ്യണമെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലകര്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. ഇതെല്ലാം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
SUMMARY: High Court quashes driving license exam reform