തിരുവനന്തപുരം: ശ്രീകാര്യം ചെന്തിയില്‍ മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ അര്‍ധരാത്രിയാണ് അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവയ്ക്കല്‍, അപമര്യാദയായി പെരുമാറി എന്നതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണ് തടഞ്ഞത്.
അതേസമയം, മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്ന് ചേന്തി അനില്‍ പറഞ്ഞു. വാഹനവ്യൂഹത്തിനായി കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി, മുഖ്യമന്ത്രി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നെന്ന് അനില്‍ പറഞ്ഞു.
ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം, ചേന്തിയിലെ ചതയ ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്കുന്ന വിശദീകരണം. വിഷയത്തില്‍ കെപിസിസി നടപടിക്കും സാധ്യതയുണ്ട്.
SUMMARY:Incident of rudeness to Chief Minister; DCC member Chenthi Anil is in custody
















